Sunday, 21 April 2013

നന്മയുടെ ഭുതകാലം

                                                നന്മയുടെ ഭുതകാലം
         ഇന്നു ചരിത്രപ്രസിദ്ധമായ തൃശ്ശൂര് പൂരം. രാവിലെമുതൽ ഉച്ചവരെ പൂരപറമ്പിൽ കറങ്ങിനടന്നു. ഓർമ്മവെച്ച നാള്മുതൽ മുടക്കാറില്ലാത്ത പതിവാണ് പൂരം കാണൽ. ഔദ്യോഗികാവശ്യത്തിന് ദൂരെയായതിനാൽ ഒരുവര്ഷം ആ പതിവ് മുടക്കേണ്ടിവന്നു. സങ്കടംകൊണ്ട് മനസ്സ് വിങ്ങി അന്ന്.
         തൃശ്ശൂർക്കാരുടെ രക്തത്തിലലിഞ്ഞ വികാരമാണ് പൂരം. പൂരത്തിന് ജാതിയില്ല മതമില്ല. മുഴുവൻ
തൃശൂർക്കാരുടെയും ഉത്സവം.  കുട്ടിക്കാലംമുതലുള്ള പൂരത്തിന്റെ മധുര സ്മരണകൾ മനസ്സിന്റെ എതൊക്കെയോ തലങ്ങളിൽ പച്ചപ്പോടെ ഇന്നും നിലനില്ക്കുന്നു. അന്ന് ഇന്നത്തെപ്പോലെ വാഹനസൌകര്യം
ഉണ്ടായിരുന്നില്ല. പൂരാഘോഷം നടക്കുന്ന 36 മണിക്കൂറും വന്ജനസഞ്ചയം വീടിനുമുന്നിലെ  റോഡിലൂ ടെ  ഒഴുകിക്കൊണ്ടിരിക്കും.
        ഒന്പതു ദേവിമാരും രണ്ടു ദേവന്മാരും വടക്കുന്നാഥനെ കണ്ടു വണങ്ങാനെത്തുന്നു പൂരനാളിൽ. ഈ ദേവിമാരെയും ദേവന്മാരെയുംപറ്റി നിരവധി കഥകളുണ്ട്. എല്ലാം പറഞ്ഞുപഠിപ്പിച്ചത് എന്റെ നസ്രാണി
യായ അമ്മുമ്മ. അമ്മുമ്മയ്ക്ക് ക്ലസ്സുമുറക്കുള്ള  പഠനം കുറവായിരുന്നു. 'ഹരിശ്രീ ഗണപതയേ നമ:' എന്ന് മണലിൽ എഴുതിയാണ് അമ്മുമ്മയുടെ വിദ്യാരംഭം നടന്നത്. അന്ന് കിരീടംവെച്ച മെത്രാന്മരൊ ളോഹയിട്ട
പുരോഹിതരോ അതൊരു തെറ്റോ മതവിരുധതയോ ആയി കണ്ടില്ല.
       ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടതിങ്ങിപാര്ക്കുന്ന ഗ്രാമപ്രദേശത്തായിരുന്നു എന്റെ വീട്.  മുസ്ലീങ്ങൾ ഉണ്ടായിരുന്നില്ല. മീൻവില്പനക്കായി വരുന്നവരെമാത്രമേ മുസ്ലിങ്ങളായി പരിചയപ്പെട്ടിരുന്നുള്ളൂ. പിന്നീട് എഞ്ചിനീയറിംഗ് കോളേജിൽ എത്തിയപ്പോഴാണ് സഹപാഠികളായ   മറ്റു മുസ്ലിങ്ങളെ പരിചയപ്പെടുന്നത്. ഹിന്ദുക്കളായ കൂട്ടുകാരെ അന്യമതസ്ഥരായതിനാൽ വെറുക്കപ്പെടെണ്ടവരായി ഒരിക്കൽപോലും തൊന്നിയിട്ടില്ല. ഹിന്ദുക്കളുടെയും ക്രിസ്ത്യനികളുടെയും ഉത്സവങ്ങൾ ഞങ്ങള് ഒരുപോലെ ആഘോഷിച്ചു.
        അത് ജാതിരാഷ്ട്രീയതിന്റെയോ വോട്ടുബാങ്കിന്റെയോ കാലമല്ലായിരുന്നു.  ന്യുനപക്ഷാവകശത്തിന്റെപേരില്  മെത്രാന്മാരൊ ജാതിയുടെപെരിൽ വെള്ളാപ്പിള്ളിമാരോ സുകുമാരനായന്മാരോ ഉറഞ്ഞുതുള്ളിയിരുന്ന കാലഘട്ടമായിരുന്നില്ല അത്. മതത്തിന്റെപേരില് മനുഷ്യൻ മനുഷ്യനെ വെറുത്തി രുന്നില്ല.
       ആ നന്മയുടെ ഭൂതകാലത്തിലേക്ക് തിരിച്ചുപോകാൻ  നമുക്ക് ഒരു പരിശ്രമം നടത്താം.  ഞാൻ തയ്യാർ, നിങ്ങളും വരില്ലേ? ഇതിനായി ഞാൻ രൂപംകൊടുത്തതാണ് ഭാരതീയ ജന വേദി.